കുറ്റ്യാടി മേഖലയില്‍ നിയന്ത്രണം കര്‍ശനമാക്കി

കുറ്റ്യാടി: കുറ്റ്യാടി മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ആരോഗ്യവകുപ്പും, പഞ്ചായത്തും നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് ടൗണുകളിലും മറ്റും ആളുകള്‍ കൂട്ടംകൂടുന്നത് പതിവായിരിക്കുകയാണ്.

കുറ്റ്യാടി പഞ്ചായത്തില്‍ വിവാഹം, ഗൃഹപ്രവേശം, മരണാനന്തരച്ചടങ്ങുകള്‍ എന്നിവയ്ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം ചടങ്ങുകള്‍ക്ക് 20-ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതിനു വിലക്കുണ്ട്. ആഘോഷപരിപാടികള്‍ നടക്കുമ്പോള്‍ തീയതി, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ പഞ്ചായത്തിനെ മുന്‍കൂട്ടി രേഖാമൂലം അറിയിക്കണം

കാവിലുമ്പാറ പഞ്ചായത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പഞ്ചായത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്. ഇതേത്തുടര്‍ന്ന് പോലീസും ആരോഗ്യവകുപ്പും, പഞ്ചായത്തും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും

മറ്റുസ്ഥലങ്ങളില്‍നിന്ന് വാഹനങ്ങളില്‍ ഭക്ഷ്യ വസ്തുക്കളുമറ്റും കൊണ്ടുവന്ന് ടൗണിലും ഇടറോഡുകളിലും വെച്ച് വില്‍പ്പന നടത്തുന്നത് പൂര്‍ണമായും നിരോധിച്ചു. മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. നേരത്തേ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വളരെ കുറവുണ്ടായിരുന്ന മരുതോങ്കര പഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതും ശ്രദ്ധേയമാണ്.

Post a Comment

0 Comments