വടകരയില്‍ നിയന്ത്രണം കടുപ്പിച്ച് പോലീസ്

വടകര: നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ കര്‍ശന നടപടിയുമായി പോലീസ് രംഗത്ത്. കണ്ടെയിന്‍മെന്റ് വാര്‍ഡുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി

മത്സ്യമാര്‍ക്കറ്റും ഹോട്ടലുകളും സ്റ്റേഷനറി കടകളും അടപ്പിച്ചു. അവശ്യ സാധനങ്ങള്‍ക്കായി രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ കടകള്‍ തുറക്കാം. സര്‍വീസ് നടത്താനെത്തിയ ഓട്ടോറിക്ഷകള്‍ ട്രാക്കില്‍ നിന്ന് മാറ്റാന്‍ പോലീസ് നിര്‍ദേശം നല്‍കി. പ്രധാന കേന്ദ്രങ്ങളില്‍ പോലീസിനെ വിന്യസിച്ചു

ചന്തപ്പറമ്പിലേക്കുള്ള പ്രവേശനം പോലീസ് കയര്‍ കെട്ടി തടഞ്ഞിരിക്കുകയാണ്. പഴയ സ്റ്റാന്റിലേക്കും പ്രവേശനമില്ല. ബസുകള്‍ പുതിയ സ്റ്റാന്റില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്. അടക്കാത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

ചന്തപ്പറമ്പിലെ പച്ചക്കറി കടയിലെയും അടക്കാത്തെരുവിലെ കൊപ്രക്കടയിലെയും തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ നഗരസഭയിലെയും വില്യാപ്പള്ളി പഞ്ചായത്തിലേയും വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ചു

നഗരസഭയിലെ 6 (പരവന്തല), 7 (അടക്കാതെരു), 8 (ചോളംവയല്‍), 9 (കോട്ടപ്പറമ്പ്), 10 (കക്കുഴിയില്‍), 11 (കുഴിച്ചാലില്‍), 18 (സിദ്ധാശ്രമം), 19 (കണ്ണംകുഴി), 20 (പുതിയാപ്പ്), 29 (കൊക്കഞ്ഞാത്ത്), വില്ല്യാപ്പള്ളി പഞ്ചായത്തിലെ 14 (കുട്ടോത്ത്), 13 (കുട്ടോത്ത് സൗത്ത്) എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ്‌സോണുകള്‍.

അതേസമയം രോഗത്തിന്റെ ഉറവിടം വ്യക്തമല്ലാത്തത് ആശങ്കക്ക് കാരണമായിരിക്കുകയാണ്. പച്ചക്കറി തൊഴിലാളി കഴിഞ്ഞ ആഴ്ച കോഴിക്കോട്ടെ ആശുപത്രിയില്‍ പോയതായി പറയുന്നു. കൊപ്രതൊഴിലാളി മാസങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ നിന്ന് എത്തിയതാണ്. അതിനിടെ പച്ചക്കറി തൊഴിലാളിയുടെ ഭാര്യക്കും കൊപ്രതൊഴിലാളിയുടെ മകനും രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു

എല്ലാവരും കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവരുടെ സ്രവം പരിശോധനക്കെടുക്കാനുള്ള നടപടി അധികൃതര്‍ തുടങ്ങി.

Post a Comment

0 Comments