അഴിയൂരില്‍ കോവിഡ് രോഗികളുടെ കുടുംബാംഗങ്ങള്‍ക്കും പോസിറ്റീവ്

വടകര: അഴിയൂരില്‍ പോസിറ്റീവ് രോഗികളുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. നിലവില്‍ പോസിറ്റീവ് രോഗിയായ പതിനെട്ടാം വാര്‍ഡ് അഞ്ചാംപീടികയിലെ ഇലക്ട്രീഷ്യന്റെ കുടുംബത്തിലെ ഏഴു പേര്‍ക്കും മൂന്നാം വാര്‍ഡ് മനയില്‍ അമ്പലത്തിനു സമീപത്തെ പാര്‍ട് ടൈം സ്വീപ്പറുടെ കുടുംബത്തിലെ ഒമ്പതു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പതിനാലാം വാര്‍ഡ് ആവിക്കരയില്‍ പോസിറ്റീവ് സ്ഥിരീകരിച്ച പോലീസുകാരന്റെ കുടുംബത്തിലെ രണ്ടു പേര്‍ക്കും രോഗമുണ്ട്.

ജോലിക്ക് പോകുന്നവര്‍ കോവിഡ് കാലത്ത് വീട്ടുകാരുമായി ഇടപഴകുന്നത് സങ്കീര്‍ണത സൃഷ്ടിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് ഇവ. 75 വയസുള്ള സ്ത്രീക്കും അഴിയൂരില്‍ കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. പോസിറ്റീവ് രോഗികളായ രണ്ടു പേരുടെയും വീടുകളിലെ ഭൂരിഭാഗം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ രോഗികളെ വീടുകളില്‍ തന്നെ താമസിപ്പിക്കാന്‍ തീരുമാനിച്ചു, വൃദ്ധരായവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റും.

രണ്ടു ദിവസത്തിനകം പതിനെട്ടാം വാര്‍ഡില്‍ എട്ടുപേര്‍ക്കും പതിനാറാം വാര്‍ഡില്‍ ഒരാള്‍ക്കും മൂന്നാം വാര്‍ഡില്‍ ഒമ്പതു പേര്‍ക്കും പതിനാലാം വാര്‍ഡില്‍ രണ്ടുപേര്‍ക്കും അടക്കം ആകെ 20 പേര്‍ക്കാണ് പോസിറ്റീവായത്. ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. എല്ലാവരും നിരീക്ഷണത്തില്‍ ആയതിനാല്‍ സമ്പര്‍ക്കം വലിയ രീതിയില്‍ ഇല്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു

നിലവില്‍ 14, 18 വാര്‍ഡുകള്‍ പൂര്‍ണമായും 3, 16, 17 വാര്‍ഡുകള്‍ ഭാഗികമായും അടച്ചിട്ടിരിക്കുകയാണ്. ഇനി വരാനുള്ള റിസള്‍ട്ട് പതിമൂന്നാം വാര്‍ഡിലുള്ള വ്യക്തിയുടെതാണ്. ബാക്കിയുള്ളവരുടേത് നെഗറ്റിവായി. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. ജോലിക്ക് പോകുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും വീട്ടുകാരുമായി പ്രത്യേകിച്ച് പ്രായമുള്ളവരുമായി യാതൊരു തരത്തിലുള്ള ഇടപഴകലും പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. കുടുംബം മുഴുവന്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ ആകുന്ന അവസ്ഥ ഒഴിവാക്കാന്‍ ജോലിക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Post a Comment

0 Comments