അതെ നമുക്കും കൈകോർക്കാം നല്ല ഭൂമിക്കും ജലത്തിനും വേണ്ടി

ayancheri news, ayancheri varthakal

ആയഞ്ചേരി: ഭൂഗർഭജലം മലിനീകരിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എത്രത്തോളം ഭൂമിയുടെ അടിയിലേക്ക് വെള്ളത്തെത്തേടുന്നുവോ അത്രത്തോളം വെള്ളത്തിന്റെ ഘടനയും മാറും. അവിടെ നമ്മെ രോഗികളാക്കുന്ന ഇരുമ്പ്, മഗ്നീഷ്യം പോലെയുള്ളവ കലർന്നിരിക്കുന്നത് അതുകൊണ്ടാണ്. ഉപ്പ് വെള്ളം കയറാതെ ശുദ്ധജലോപരിതലം പുഴകൾ കാത്ത് സംരക്ഷിക്കുന്ന രീതി മാറിത്തുടങ്ങിയത് ഇപ്പോഴാണ്. പ്രകൃതിയുടെ രൂപഘടനയിലെ ഇത്തരം വൈവിധ്യം  ആരാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.

പഴയ കാലത്തിന്റെ ഓർമ്മകളിലേക്ക് പോവുകയും മണ്ണിലേക്ക് വെള്ളത്തെ ഊർന്നിറക്കാൻ എന്താണോ നാം ചെയ്തത് അതിന് വേണ്ടി യത്നിക്കണം. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടിയും വരില്ല. മണ്ണിന്റെ ജൈവ  സമ്പുഷ്ടതയ്ക്കും ജീവനും സസ്യലതാതികൾക്കും ആരോഗ്യത്തോടെ വളർന്ന് വലുതാകാനും ജലം അത്യാവശ്യമാണ്. ഒരു കാലഘട്ടത്തിൽ മണ്ണിന്റെ ജൈവഘടന ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞെങ്കിലും നമ്മുടെ അമിതമായ ചൂഷണം കാരണം ഭൂഗർഭജലത്തിന്റെ തോത് ആപത്കരമാം വിധത്തിൽ താഴ്ന്ന് പോവുകയാണ്. എന്താണ് ഇതിന് കാരണം എന്ന് അന്വേഷിക്കുമ്പോഴാണ് ചില യഥാർത്ഥ്യങ്ങൾ മുന്നോട്ട് വരുന്നത്.

ഭൂമിയെ മഴക്കൊയ്ത്തിന് സജ്ജമാക്കുന്ന പ്രവണത ഇന്ന് കാണാനില്ല. ഭൂമിയിൽ പെയ്യുന്ന മഴവെള്ളത്തെ പിടിച്ചു നിർത്താൻ തണ്ണീർത്തടങ്ങളും, വെള്ളത്തെ ആകർഷിപ്പിക്കാൻ തുലാത്തിലെ കിളയും ,മഴ മാറുമ്പോഴുള്ള കിളയിലൂടെയും  ഭൂഉടമകൾ സമ്പന്നമാക്കു മായിരുന്നു. അക്കാലത്ത് പെരുമഴക്കൊയ്ത്തിൽ പറമ്പിൽ ഊർന്നിറങ്ങിയ വെള്ളം ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോഴുള്ള ചെറുചൂട് രസകരം തന്നെയാണ്. ഏകദേശം ആറ് മാസക്കാലത്തോളം ഇതിന്റെ ഉറവയും ഉണ്ടാവും.

കാലം മാറിയതോടൊപ്പം ഭൂമിയെയും നാം മാറ്റിയെടുത്തു എന്ന് പറയുന്നതിൽ തെറ്റില്ല. ഇടിച്ചു നിരത്തിയും വിശാലമായ മുറ്റത്ത് കല്ലുകൾ പാകിയും പെയ്യുന്ന മഴവെള്ളത്തെ മേൽമണ്ണിലൂടെ ഇടവഴിയിലേക്ക് തള്ളിവിടുന്ന കാഴ്ചയാണ് കാണുന്നത്. മുറ്റത്ത് ചെറുകിണറുകളിൽ കിട്ടുമായിരുന്ന വെള്ളത്തിന് റിങ്ങുകളിറക്കി ആഴം കൂട്ടേണ്ടി വരുന്നു എന്നതാണ് ഇപ്പോഴുള്ള യാഥാർത്ഥ്യം.

നാം ഭൂമിയോട് ചെയ്ത അപരാധങ്ങൾക്ക് പരിഹാരം കാണാൻ മുന്നിട്ടിറങ്ങിയില്ലെങ്കിൽ ഭൂമുഖത്ത് ജീവനും കാണില്ല എന്ന തിരിച്ചറിവിലേക്ക് നാം ഇനിയും മുന്നേറേണ്ടിയിരിക്കുന്നു. ഭൂമിയെ തരം തിരിച്ച് ചെറുവീടുകളായി രൂപാന്തരം പ്രാപിച്ച ഈ കാലത്ത് വീട്ടുമുറ്റത്തെ കിണറുകളിലേക്ക് മഴവെള്ളത്തെ ശുദ്ധീകരിച്ച് ഇറക്കിയാലേ പിടിച്ചു നിൽക്കാൻ കഴിയൂ. പണം ചിലവഴിക്കാതെയുള്ള പദ്ധതി ഇന്ന് നമുക്കുണ്ട്. ഇതിന് ഓരോ പഞ്ചായത്തിലെയും ജനങ്ങൾ മുന്നിട്ടിറങ്ങണം.അതെ നമുക്കും കൈകോർക്കാം നല്ല ഭൂമിക്കും ജലത്തിനും. മലിനമായ ജലം മലിനമായ സംസ്കാത്തെ സൂചിപ്പിക്കുന്നു.

0/Post a Comment/Comments