ആയഞ്ചേരി: ടൗണിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സ്ഥലം എം എൽ എ പാറക്കൽ അബ്ദുല്ലയുടെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. ടൗണിന്റെ വികസന ആവശ്യങ്ങൾ വിശദീകരിച്ച സംഘം, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു.
നിവേദനത്തോട് അനുകൂലമായ സമീപനമാണ് മന്ത്രി സ്വീകരിച്ചതെന്നും ടൗൺ വികസനത്തിനാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ആയഞ്ചേരി ടൗണിന് പുതിയ മുഖച്ഛായ നൽകുന്ന വികസന പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. ടൗണിലെ വർധിച്ചുവരുന്ന ഗതാഗതവും പൊതുജനങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച് ദീർഘകാല വികസന കാഴ്ചപ്പാടോടെയാണ് നിവേദനം സമർപ്പിച്ചതെന്നും അവർ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത് ദാമോദരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിളിയമ്മൽ കുഞ്ഞബ്ദുള്ള, അക്കാരോൾ അബ്ദുള്ള, തയ്യിൽ ഇബ്രാഹിം എന്നിവർ നിവേദക സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ടൗൺ വികസനവുമായി ബന്ധപ്പെട്ട നടപടികൾ യാഥാർഥ്യമായാൽ ആയഞ്ചേരിയുടെ അടിസ്ഥാന സൗകര്യ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ