ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ 'ജീവതാളം' രോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിത രീതിയിലേക്കുള്ള സാമൂഹ്യ മാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും നിയന്ത്രണവും ലക്ഷ്യം വെച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ പദ്ധതിയാണ്.
ജീവതാളം. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിമർദ്ദം, സ്തനാർബുദം, ഗർഭാശയ ദള ക്യാൻസർ, വായിലെ ക്യാൻസർ എന്നിവ ആരംഭത്തിലെ കണ്ടെത്തി ചികിത്സയിലൂടെയും വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും നിയന്ത്രിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
വാർഡിലെ ഓരോ 100 വീടുകളുടെ ക്ലസ്റ്റർ രൂപീകരിച്ച് ആരോഗ്യ സർവേയിലൂടെ ജീവിതശൈലി വിവരങ്ങൾ ശേഖരിക്കുകയും 18 വയസ്സിന് മുകളിലുള്ള എല്ലാ അംഗങ്ങളെയും സ്ക്രീനിങ്ങിന് വിധേയമാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ആദ്യപടി.
പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വാർഡ് മെമ്പർ ടി. കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരായ എം. ആർ. ശ്രീലക്ഷ്മി, പി.സി. സൗമ്യ, വിന്ദു തുടങ്ങിയവർ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സന്ദീപ് സ്വാഗതവും ആശാവർക്കർ എം.ടി.കെ.ബീന നന്ദിയും പറഞ്ഞു.
Post a Comment